കുത്തിയൊഴുകുന്ന നദിയിലേക്ക് ബസ് മറിഞ്ഞു; രണ്ട് ഇന്ത്യക്കാരടക്കം 12 പേർ മരിച്ചു
നേപ്പാളിൽ വൻ ബസ് അപകടം. മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാമണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. ബിഹാറിലെ മലാഹി സ്വദേശി യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിലെ മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.