കാസർകോട് നഗരത്തിൽ രണ്ടുസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതരം
കാസർകോട്: നിരവധി കേസുകളിൽ പ്രതികളായ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാളെ
ഗുരുതര നിലയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനു കേസെടുത്ത പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി കാസർകോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്തെ കോട്ടക്കണ്ണിയിലാണ് സംഭവം. കാപ്പയടക്കം 21 കേസുകളിൽ പ്രതിയായ മീപ്പുഗിരിയിലെ തേജ് എന്ന അജയകുമാറി(27)നാണ് പരിക്കേറ്റത്. തലയ്ക്ക് ഇരുമ്പു വടികൊണ്ടും കുപ്പി കൊണ്ടുമുള്ള അടിയേറ്റ തേജ് മംഗളൂരുവിലെ ആശുപത്രിയിലാണ്. സംഭവത്തിൽ 12 കേസുകളിൽ പ്രതിയായ വിജിത്ത്, നാലു കേസുകളിൽ പ്രതിയായ സൗരത്ത് എന്നിവർക്കെതിരെ ടൗൺ പൊലീസ് വധശ്രമത്തിനു കേസെടുത്തു. രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ടൗൺ എസ്.ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.