വടകരയിൽ കടമുറി പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവം;മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന
കോഴിക്കോട്:വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്ന് മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകൾ ലഭിച്ചത്. മൃതദേഹത്തിന് സമീപത്ത് കിടന്ന വസ്ത്രത്തിന് അകത്തായിരുന്നു മൊബൈൽ ഫോൺ. ഇത് കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ കുഞ്ഞിപ്പള്ളി ടൗണിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കവെയാണ് അടച്ചിട്ട കടമുറിക്കുള്ളിൽ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടമുറിക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഇടയിലായിരുന്നു തലയോട്ടി. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. ചൊലീസ് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത മുറിയിൽ നിന്നും വാരിയെല്ലിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. മുമ്പ് ഹോട്ടലായി പ്രവർത്തിച്ചിരുന്ന ഈ കടമുറികൾ ഒരു വർഷമായി അടച്ചിട്ട നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വർഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.