കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് പുന്നക്കൽ ചപ്പാത്ത് കടവിൽ അർദ്ധരാത്രിയാണ് സംഭവം നടന്നത്. കാർ പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.
കാറിലെ ഡ്രെെവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി താഴത്ത് പറമ്പിൽ അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടെതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. രാത്രി 12 മണിക്ക് ഇതുവഴി പോയ ബെെക്ക് യാത്രികൻ കാർ കത്തുന്നത് കണ്ടത്. ഉടനെ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ശേഷം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടത്. നമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മനസിലായത്. ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.