13 ലക്ഷത്തിലേറെ വിലയുള്ള സൗദി റിയാലുമായി മലപ്പുറം സ്വദേശി പിടിയിൽ; വിദേശ കറൻസി എത്തിച്ചത് കാസർകോട് സ്വദേശിക്ക് വേണ്ടി
കാസർകോട്: ജില്ലയിൽ കൈമാറാൻ കൊണ്ട് വന്ന 13 ലക്ഷത്തിലേറെ രൂപ ഇന്ത്യൻ മൂല്യമുള്ള
സൗദി റിയാൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി അബൂബക്കർ സിദ്ദീഖ്(47)പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ കാസർകോട് ചക്കര ബസാറിൽ നിന്നാണ് എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സൗദി റിയാൽ പിടികൂടിയത്. 500 ന്റെ 120 റിയാലിന്റെ നോട്ടു കളാണ് സിദ്ദീഖിന്റെ കൈവശമുണ്ടായിരുന്നത്. ജില്ലാ പൊലീസ് ചീഫ് പി.ബിജോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ടൗൺ പൊലീസ് പരിശോധനക്കെത്തിയത്. കാസർകോട്ടെ ഒരു വ്യക്തിക്ക് കൈമാറാൻ ട്രെയിൻ വഴിയാണ് ഇയാൾ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ ഓഫീസർ കെ.പ്രദീപ്. ഡ്രൈവർ സനീഷ് ജോസഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.