ലീഗ് ജില്ലാ പ്രസിഡന്റിനെ തടഞ്ഞു, മൈക്ക് പിടിച്ചുവാങ്ങി;യൂത്ത് ലീഗ് റാലി ആലുവയിലെ പ്രചാരണ കൺവെൻഷനിൽ വാക്കേറ്റം
കൊച്ചി: യൂത്ത് ലീഗ് റാലിയുടെ ആലുവയിലെ പ്രചാരണ കൺവൻഷൻ യോഗത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട് സംസാരിക്കുന്നതിനിടെയാണ് പ്രസംഗം തടയാൻ ഒരു വിഭാഗം ശ്രമിച്ചത്. തുടർന്ന് കൺവെൻഷൻ നിർത്തിവെക്കുകയായിരുന്നു. ലീഗിലെ ജില്ലയിലെ വിഭാഗീയതയാണ് വാക്കേറ്റത്തിലെത്തിയത്.
സംഘടനാ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ ഗുണം യൂത്ത് ലീഗിനും ലഭിച്ചിട്ടുണ്ട്. മലബാറിലെ ജില്ലകളോട് കിടപിടിക്കുന്ന രീതിയിലാണ് എറണാംകുളം ജില്ലയിലെ പ്രവർത്തനം. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരോട് വളരെ ഖേദത്തോടെയാണ് സംസാരിക്കുന്നതെന്നും ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരാഴ്ച്ചയായി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വന്നാൽ തെളിവ് സഹിതം ബോധ്യപ്പെടുത്തി തരാമെന്ന പ്രസിഡൻ്റിന്റെ പരാമർശമാണ് തർക്കത്തിന് കാരണമായത്. ഇതോടെ വേദിയിൽ നിന്നും സദസ്സിൽ നിന്നും പ്രവർത്തകർ ബഹളം വെച്ച് മൈക്ക് നിർത്തി, പിടിച്ചു വാങ്ങുകയായിരുന്നു. വാക്കേറ്റം തുടർന്നതോടെ കൺവെൻഷൻ നിർത്തിവെക്കുകയായിരുന്നു.