ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബസ് ക്ലീനർ അറസ്റ്റിൽ
ബംഗളൂരു: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 24 കാരനായ ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു റൂറൽ ജില്ലയിലെ ദബാസ്പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 14 വയസ്സുള്ള പെൺകുട്ടി സ്ഥിരമായി ഒരു സ്വകാര്യ ബസിലാണ് സ്കൂളിലേക്ക് പോയിരുന്നത്. ബസിലെ ക്ലീനറുമായി കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആനന്ദ് എന്ന യുവാവാണ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പെൺകുട്ടിയെ ബംഗളൂരുവിലെ യെലഹങ്കയിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. പൊലീസ് വീട്ടിൽ റെയ്ത് നടത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു. 2021 ൽ ബൈദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ജയിലിൽ കഴിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യുവാവ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വലയിൽ വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.