സവാദിന്റെ വിവാഹ രജിസ്ട്രേഷന് ഉപയോഗിച്ചതും വ്യാജ പേര്; എൻ.ഐ.എ മഞ്ചേശ്വരത്ത്
കാസർകോട്: തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ കല്യാണത്തെകുറിച്ച് അന്വേഷിക്കുന്നതിനായി എൻ.ഐ.എ സംഘം കാസർകോട്ടെത്തി. കൊച്ചിയിൽ നിന്നുള്ള നാലംഗ സംഘമാണ് കാസർകോട്ടെത്തിയത്. സവാദിന്റെ വിവാഹം സംബന്ധിച്ച കാര്യങ്ങൾ അറിയുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഉള്ളാളിലെ ഒരു ആരാധനാലയത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും അനാഥനാണെന്നു പറഞ്ഞതിനെ തുടർന്നാണ് മകളെ വിവാഹം കഴിച്ചു കൊടുക്കാൻ സമ്മതിച്ചതെന്നുമാണ് സവാദിന്റെ ഭാര്യാ പിതാവായ മഞ്ചേശ്വരം സ്വദേശി വ്യക്തമാക്കിയിട്ടുള്ളത്. 2016 ഫെബ്രുവരി 27 ന് ഉദ്യാവർ ആയിരം ജുമാമസ്മിദിൽ ഷാജഹാൻ എന്ന പേരിലാണ് സവാദ് വിവാഹം രജിസ്റ്റർ ചെയ്തത്. കണ്ണൂർ ചിറക്കലിലെ പി പി ഹൗസ്, കുന്നുംകൈ എന്ന അഡ്രസാണ് രജിസ്റ്റേഷനായി നൽകിയത്. കെപി ഉമ്മർ എന്നാണ് വിവാഹ രജിസ്റ്ററിൽ നൽകിയത്. എന്നാൽ യഥാർഥ പേര് ബീരാൻ കുട്ടിയെന്നായിരുന്നു. അതേസമയം വധുവിന്റെ വിലാസവും മറ്റും യഥാർഥമായിരുന്നു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് സവാദിനെ പിടികൂടാൻ എൻഐഎ ഉദ്ദോഗസ്ഥർക്ക് സഹായകമായത്. കാസർകോട്ട് വിവാഹ സമയത്ത് നൽകിയ പേര് ഷാജഹാൻ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നൽകിയത് യഥാർത്ഥ പേരാണ്. മംഗൽപ്പാടി പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എംഎം സവാദ് എന്ന് രേഖപ്പെടുത്തിയത്.
അതിനിടെ കാസർകോട്ടെത്തിയ എൻ.ഐ.എ സംഘം പിതാവിൽ നിന്നും വിവാഹം നടത്തി കൊടുത്തവരിൽ നിന്നും മൊഴിയെടുക്കും. കല്യാണം സംബന്ധിച്ച രേഖകളും അന്വേഷണ സംഘം പരിശോധിക്കും. സവാദിനെ പരിചയപ്പെട്ടുവെന്നു പറയുന്ന ഉള്ളാളിലും സംഘം അന്വേഷണം നടത്തും. കല്യാണം നടക്കുന്നതിനു എത്ര നാൾ മുമ്പ് സവാദ് മഞ്ചേശ്വരത്തെത്തിയതെന്നതിനെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ സവാദ് മഞ്ചേശ്വരത്ത് എത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ പരിധിയിലുണ്ട്. അതേസമയം സവാദിന്റെ മഞ്ചേശ്വരം ബന്ധവും കല്യാണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് സംസ്ഥാന പൊലീസ് ഇന്റലിജൻസ് സംസ്ഥാന ആഭ്യന്തര വകുപ്പിനു അയച്ചു. കൈവെട്ടു കേസിൽ മുഖ്യപ്രതിയായി പതിമൂന്നര വർഷമായി ഒളിവിൽ കഴിയുകയായിരുന്ന സവാദിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിയിൽ നിന്നും എത്തിയ എൻ.ഐ.എ സംഘം ലോക്കൽ പൊലീസിന്റെ സഹായത്തോടെ മട്ടന്നൂർ, ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ അറസ്റ്റു ചെയ്തത്.