‘സമസ്തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും’; പൊതുവേദിയിൽ കൈ വെട്ടു പ്രസംഗം നടത്തിയ സമസ്ത നേതാവ് സത്താർ പന്തല്ലൂർ വെട്ടിലായി
കോഴിക്കോട്: പൊതുവേദിയിൽ വിവാദ പ്രസംഗം നടത്തിയ എസ്.കെ.എസ്.എസ്.എഫ് നേതാവ്
സത്താർ പന്തല്ലൂർ വെട്ടിലായി. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ
കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ ഉണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂർ
നടത്തിയ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണമെന്നും.
അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ലെന്നും സത്താർ
പന്തല്ലൂർ വേദിയിൽ വെച്ച് പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ
നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ, മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിൽ
മലപ്പുറത്താണ് വിവാദ പ്രസംഗം അരങ്ങേറിയത്. സാദിഖലി തങ്ങളെ പരോക്ഷമായാണ് സമസ്ത
യുവ നേതാവ് സത്താർ പന്തല്ലൂർ വിമർശിച്ചത്. തലയിരിക്കുമ്പോൾ വാലാടേണ്ട എന്ന
സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമർശനത്തെ എടുത്ത് പറഞ്ഞാണ് പരോക്ഷ
വിമർശനം. സമുദായത്തെ വഴിതെറ്റിക്കാൻ പലരും കടന്നുവന്നപ്പോൾ എസ്.കെ.എസ്.എസ്.എഫ്
ഇടപെട്ടു. എന്നാൽ, എസ്.കെ.എസ്.എസ്.എഫ് ഇടപെടേണ്ടതില്ല, നിങ്ങൾക്കല്പം വികാരം
കൂടുതലാണ്. തലയുള്ളപ്പോൾ വാൽ ഇടപെടേണ്ട കാര്യമെന്ത്, എന്നെല്ലാം പറഞ്ഞ് പ്രസ്ഥാനത്തെ
മോശമായി ചിത്രീകരിച്ചു. എല്ലാത്തിന്റെയും അന്തിമവിജയം എസ്.കെ.എസ്.എസ്.എഫിന്
ആയിരിക്കും’, -സത്താർ പന്തല്ലൂർ പറഞ്ഞു.