കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി
കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ്(41) മകൻ ദേവനാരായണൻ(9). മകൾ ദേവനന്ദ(4) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ച വിവരം പുറംലോകമറിയുന്നത്. മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് ഫോണിൽ മെസേജ് അയച്ചിരുന്നു. അങ്ങനെയാണ് അടുത്ത ബന്ധു വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ ഹാൻഡ് റെയിലിൽ നിന്നും താഴേക്ക് കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ മാതാവ് ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ്എൻ വി സദനത്തിൽ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവർ. ഇവർ തമ്മിൽ കുടുംബവഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ നാട്ടുകാരും ബന്ധുക്കളക്കം നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.