കേസൊതുക്കാനുള്ള അധ്യാപകന്റെ ശ്രമവും ഫലിച്ചില്ല; പത്താംക്ലാസുകാരിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച കാസർകോട്ടെ മൊബൈൽ ഫോൺ വ്യാപാരി അറസ്റ്റിൽ
കാസർകോട്: പതിനഞ്ചുകാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ
കാസർകോട്ടെ മൊബൈൽ ഫോൺ വ്യാപാരിയെ പൊലീസ് പോക്ക്സോ പ്രകാരം അറസ്റ്റു ചെയ്തു. ചെമ്മനാട് സ്വദേശി തസരീഫി(19) നെയാണ് ഹൊസൂർഗ്ഗ് എസ്.ഐ കെ.പി.സതീഷ് കുമാർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരിയാണ് പരാതിക്കാരി. പത്താംക്ലാസുകാരിയെ പ്രതി രണ്ടു ദിവസം മുമ്പാണ് കാറിൽ കയറ്റി കൊണ്ടുപോയത്. കാഞ്ഞങ്ങാട് നിന്നു പയ്യന്നൂരിലേയ്ക്കും അവിടെ നിന്നു കാസർകോട്ടേയ്ക്കും കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്കൂളിലേയ്ക്കു പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിൽ കാറുമായി എത്തിയ തസരീഫ് പെൺകുട്ടിയെ വീട്ടിനു സമീപത്ത് ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഒരു മാസം മുമ്പാണ് തസരീഫ് പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് തസരീഫ് തന്നെ കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഇതു സംബന്ധിച്ച് പെൺകുട്ടിയുടെ മാതാവാണ് പരാതി നൽകിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നു രഹസ്യമൊഴിയെടുത്ത ശേഷമാണ് തസറീഫിനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം പരാതി ഒതുക്കിതീർക്കാൻ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകൻ ശ്രമിച്ചിരുന്നുവെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കൾ വഴങ്ങിയില്ല.