പറക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ വിമാനത്തിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി; യാത്രക്കാരന് പരിക്ക്
ടൊറന്റോ: വിമാനം പറക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. കാനഡയിലെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ദുബായിലേക്ക് യാത്രതിരിച്ച എയർ കാനഡയുടെ എസി ബോയിംഗ് 747 വിമാനത്തിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്.
വിമാനത്തിൽ കയറി ആദ്യം സ്വന്തം സീറ്റിൽ ഇരുന്നെങ്കിലും പിന്നീട് ഇയാൾ ഓടിവന്ന് വിമാനത്തിന്റെ വാതിൽ തുറക്കുകയായിരുന്നു. 20 അടിയോളം ഉയരത്തിൽ നിന്ന് ചാടിയ യുവാവിന് ചെറിയ പരിക്കേറ്റിരുന്നു. ഉടൻ തന്നെ പൊലീസും ആംബുലൻസും ഉൾപ്പെടെയുള്ള സന്നാഹങ്ങൾ സ്ഥലത്തെത്തി.
https://twitter.com/i/status/1745080374730912143
ഇയാൾ ചാടിയത് കാരണം മറ്റ് യാത്രക്കാരെ വീണ്ടും പരിശോധിച്ച ശേഷമാണ് യാത്ര തുടർന്നത്. ഇതിനാൽ ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാൻ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയതെന്ന് എയർ കാനഡ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരൻ മാനസികമായി പ്രശ്നമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെന്നും പൊലീസ് പറഞ്ഞു
അതേസമയം, 16കാരനായ യാത്രക്കാരൻ കുടുംബാംഗങ്ങളെ ആക്രമിച്ചതിനെ തുടർന്ന് കനേഡിയൻ വിമാനം വഴിതിരിച്ച് വിട്ട സംഭവം ഈ മാസം മൂന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്ക് തിരിച്ച വിമാനത്തിലായിരുന്നു ഈ സംഭവമുണ്ടായത്.