പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു; അപകടം ആളുകളെ കയറ്റാനായി സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെ
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഹിൽ വ്യൂവിൽ നിന്നും ആളുകളെ കയറ്റാനായി ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. ഉടൻ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആർടിസി ബസിന് തീപിടിച്ചിരുന്നു. പമ്പ- നിലയ്ക്കൽ ചെയിൻ സർവീസിനായി നിറുത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തി തീയണക്കുകയായിരുന്നു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് കെഎസ്ആർടിസിയുടെ നിഗമനം.