ഡസ്റ്റ്ബിന്നിൽ 28 സ്വർണക്കട്ടികൾ, ജീൻസിൽ തേച്ചുപിടിപ്പിച്ചും കടത്ത്; കസ്റ്റംസിനെ വെട്ടിച്ച സംഘം പൊലീസ് പിടിയിൽ
മലപ്പുറം: കരിപ്പൂര് വിമാനത്താവളത്തില് വൻ സ്വർണവേട്ട. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ട് കോടി രൂപ വിലവരുന്ന സ്വർണക്കട്ടികൾ കസ്റ്റംസ് പിടികൂടി. മറ്റൊരു സംഭവത്തിൽ പാന്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും 3 സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി.
ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച നിലയിൽ 28 സ്വർണക്കട്ടികളാണ് കിട്ടിയത്. 3317 ഗ്രാം തൂക്കം വരുന്നതാണ് സ്വർണം. സ്വർണക്കടത്ത് സംഘത്തിനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.
മറ്റൊരു സംഭവത്തിൽ റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ കോഴിക്കോട് സ്വദേശി ജബ്ബാറിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ജബ്ബാറിനെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളായ റിയാസ്, അനീസ്, ഫൈജാസ് എന്നിവരും പൊലീസിന്റെ പിടിയിലായി.
ജബ്ബാർ ധരിച്ചിരുന്ന ജീൻസിന്റെ ഉൾവശത്ത് സ്വർണം തേച്ച് പിടിപ്പിച്ചായിരുന്നു കടത്ത്. 750 ഗ്രാം സ്വർണമെങ്കിലും വേർതിരിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടിക്കുന്ന മൂന്നാമത്തെ കേസാണ് ഇത്. സ്വർണം കോടതിയിൽ നല്കിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റസിന് കൈമാറും.