ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന സംഘത്തെ പൊലീസ് പിടികൂടി
കാസർകോട്: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ആദൂർ, സി.എ നഗറിൽ നിന്നു രണ്ടു ബൈക്കുകൾ കവർച്ച ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളടക്കം ആറുപേരെ ആദൂർ പൊലീസ് അറസ്റ്റു ചെയ്തു. പൊവ്വലിലെ ഗുജി വ്യാപാരി ഷെരീഫ് (39), പൊവ്വൽ, മാസ്തിക്കുണ്ട് കോളനിയിലെ അബ്ദുൽ ലത്തീഫ് (36), എടനീർ കുണ്ടോർമൂല സ്വദേശി നിഥിൻ (18) എന്നിവരെയാണ് ആദൂർ എസ്.ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. മോഷണം പോയ ബൈക്കുകൾ ഷെരീഫിന്റെ പൊവ്വലിലുള്ള ഗുജിക്കടയിൽ നിന്നു കണ്ടെടുത്തു. പിടിയിലായ മൂന്നുപേർ 16, 17 വയസുള്ളവരാണ്. ആദൂർ റഹ്മത്ത് നഗർ ബദ്രിയ മൻസിലിലെ ബി.എ.സുഹൈൽ, സി.എ നഗറിലെ വെൽഡിംഗ് ഷോപ്പ് ജീവനക്കാരൻ എം.സുജിത്ത് കുമാർ എന്നിവരുടെ ബൈക്കുകളാണ് കഴിഞ്ഞ ദിവസം കവർച്ച പോയത്. സി.എ.നഗർ പള്ളിക്കു സമീപത്തു നിർത്തിയിട്ട സുഹൈലിന്റെ ബൈക്കാണ് മോഷണം പോയത്. സുജിത്തിന്റെ ബൈക്ക് മോഷണം പോയത് കടയുടെ മുന്നിൽ നിന്നാണ്. മോഷ്ടിച്ച ബൈക്കുകൾ കടയിലെത്തിച്ച് പൊളിച്ചു വിൽക്കുകയാണ് സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. നേരത്തെ മുള്ളേരിയയിലെ വില്ലേജ് ഓഫീസിനു സമീപത്തു നിന്നു ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘമാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. അറസ്റ്റിലായ സംഘത്തിനു മറ്റു ബൈക്കു മോഷണകേസുകളിൽ ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ് സംഘം.