ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; മുപ്പത്തിനാലുകാരന് ദാരുണാന്ത്യം
നോയിഡ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. തുടർപരിശോധനയിൽ ഹൃദയാഘാതമാണ് കാരണമെന്ന് കണ്ടെത്തി. നോയിഡയിൽ നിന്നുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
എഞ്ചിനീയറായ യുവാവാണ് ക്രിക്കറ്റ് മൈതാനത്തു കുഴഞ്ഞുവീണു മരിച്ചത്. കളിക്കിടെ റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്. ഇതിനിടേയാണ് പാതിവഴിയിൽ വച്ച് കുഴഞ്ഞുവീണത്. ഉടൻ മറ്റു കളിക്കാർ ചേർന്ന് സി.പി.ആർ. നൽകുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്. മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് സുഹൃത്തുക്കളും പറയുന്നു.
അടുത്തിടേയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അടുത്തിടെ സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.
മുൻകാലങ്ങളിൽ പ്രായമായവരിൽമാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതമരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്തു. വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം കാക്കാമെന്ന് വിദഗ്ധർ പറയുന്നു.
Death due to heart attack in Noida: One run took the life of a batsman Vikas Negi (36)
– Engineer fell on the pitch while playing cricket.pic.twitter.com/QptWuFFV2w— زماں (@Delhiite_) January 9, 2024