വി.എം മുനീർ കാസർകോട് മുൻസിപ്പൽ ചെയർമാൻ സ്ഥാനം ഒഴിയും; മുൻ ധാരണ നടപ്പാക്കാൻ തീരുമാനം
കാസർകോട്: നഗരസഭാ ചെയർമാനെ മാറ്റാൻ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ്
തീരുമാനിച്ചു. ഈ മാസം 15ന് അകം നിലവിലെ ചെയർമാൻ വി.എം മുനീർ രാജിവെച്ച് അബ്ബാസ് ബീഗം മുൻസിപ്പൽ ചെയർമാൻ ആകും. നഗരഭരണത്തിന്റെ ആദ്യ മൂന്നു വർഷം വീതം മുനീറും പിന്നീടുള്ള രണ്ട് വർഷം അബ്ബാസ് ബീഗവും ചെയർമാനാകും. തിരഞ്ഞെടുപ്പ് കാലത്ത് ലീഗിന് അകത്തുണ്ടാക്കിയിരുന്ന ധാരണ ഇതനുസരിച്ച് കഴിഞ്ഞ മാസം 28ന് മുനീർ തൽസ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി വിദേശത്തായതിനാലും പാർലമെന്ററി പാർട്ടി യോഗം ചേരാത്തതിനാലും അധികാര മാറ്റം ചർച്ച ചെയ്തിരുന്നില്ല. മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തു നൽകിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിംലീഗ് ജില്ലാ പാർലമെന്ററി ബോർഡ് യോഗം ചേർന്ന് മുൻ ധാരണ നടപ്പിലാക്കാൻ തീരുമാനിച്ചത്. പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ നേതൃത്വത്തിന് കഴിഞ്ഞത് പ്രവർത്തകർക്കിടയിൽ ആവേശത്തിനിടയാക്കിയിട്ടുണ്ട്. പുതിയ ചെയർമാന്റെ സ്ഥാനാരോഹണം ഗംഭീരമാക്കാനാണ് പ്രവർത്തകരുടെ ശ്രമം.