തലയ്ക്ക് ആഴത്തിലേറ്റ മുറിവ് മരണ കാരണം; പൊലീസുകാരന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കാസർകോട്: ജില്ലാ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരന്റെ മരണത്തിനു ഇടയാക്കിയത്
തലയ്ക്ക് ആഴത്തിലേറ്റ മുറിവു കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആലപ്പുഴ, ആര്യനാട്, മട്ടനാട്ടെ കെ.കെ.സുധീഷ് (40)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കറന്തക്കാട്ടെ അടച്ചിട്ട സ്വകാര്യ ആശുപത്രി വളപ്പിൽ സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ പത്തു ദിവസമായി ജോലിക്കു ഹാജരാവുകയോ അവധിക്കു അപേക്ഷ നൽകുകയോ ചെയ്തിരുന്നില്ല. ഇതിനിടയിലാണ് സംശയകരമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലയ്ക്ക് ആഴത്തിലുണ്ടായ മുറിവാണ് മരണത്തിനു ഇടയാക്കിയത്. ഇത് വീഴ്ചയിൽ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.