കണ്ണൂര്‍: മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ജോലി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമാകുന്നു . കാക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്സായി ജോലി നല്‍കിയത്. യുവതിയുടെ നിയമനത്തിനായി വഴിവിട്ട് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ മണ്ഡലം പ്രസിഡന്റിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു .
ചുമതലയോ അധികാരമോ ഇല്ലാതിരിക്കെ മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് വേണ്ടി വ്യാജ ശുപാര്‍ശക്കത്ത് നല്‍കിയെന്ന് കണ്ടെത്തിയാണ് ചാക്കോ തൈക്കുന്നിലിനെതിരെ ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചത് . ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജനുവരി 26ന് ആശുപത്രിയില്‍ നഴ്സായി താല്‍ക്കാലിക നിയമനം നേടിയ യുവതി സംഭവം പാര്‍ട്ടിയില്‍ വിവാദമായതിനെ തുടര്‍ന്ന് ഈ മാസം 18ന് ശമ്ബളം പോലും വാങ്ങാതെ രാജിവെച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി .
യോഗ്യതയും മുന്‍പരിചയവും ഉണ്ടെന്ന് കണ്ടതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് പെട്ടെന്ന് നിയമനം നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം . സഹോദരിക്ക് ജോലി നല്കി ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിച്ചതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേരത്തേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു .