കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിന് നേരെ വരണ്ട, മിശ്രവിവാഹത്തെ അനുകൂലിക്കാൻ ധാർമികതയില്ല; ആഞ്ഞടിച്ച് നാസർ ഫൈസി
കോഴിക്കോട് : മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ സി പി ഐക്കും സി പി എമ്മിനും ധാര്‍മ്മികതയില്ലെന്ന് സമസ്തയുടെ യുവജന സംഘടന എസ് വൈ എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഇസ്ലാമിന് നേരെ വരണ്ടെന്നും സ്വന്തം കാര്യം തീരുമാനിച്ചാല്‍ മതിയെന്നും നാസര്‍ ഫൈസി കൂടത്തായി തുറന്നടിച്ചു. രണ്ട് പാര്‍ട്ടികളില്‍ പെട്ടവരായതിനാല്‍ ടിവി തോമസിന്റേയും ഗൗരിയമ്മയുടേയും ദാമ്പത്യം ഇല്ലാതാക്കിയവരാണ് സി പി ഐയും സി പി എമ്മും. ഇരുവരോടും മാപ്പ് പറയാതെ മിശ്ര വിവാഹത്തിന്റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശമില്ല. കുടുംബ ജീവിതം തകര്‍ക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലൈന്‍ എന്നും നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി.
സി പി എം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേരത്തെയും നാസർ ഫൈസി ആരോപിച്ചിരുന്നു. ഹിന്ദു -മുസ്ലിം വിവാഹം നടന്നാൽ മതേതരത്വമായെന്ന് സി പി എം കരുതുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നായിരുന്നു എസ്എം എഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ നാസർ ഫൈസി നടത്തിയ പരാമർശം.
നേരത്തെയും സിപിഎമ്മിനെതിരെ രംഗത്തെത്തിയ ആളാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും മതനിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണെന്നുമായിരുന്നു വിമർശനം. കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയണ്. സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണെന്നും നേരത്തെ നാസർ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു.