മേൽപ്പറമ്പ്: നാട്ടുകാരുടെ ചിരകാലസ്വപ്നമായിരുന്ന ചാത്തംകൈയിലെ റെയിവേ മേൽപ്പാലത്തിനുവേണ്ടി രാപ്പകൽ ഓടിനടക്കുന്നതിനിടയിൽ അകാലത്തിൽ പൊലിഞ്ഞ സാമൂഹ്യ പ്രവർത്തകൻ എം.കെ.മുഹമ്മദലിയുടെ സ്മരണാർത്ഥം നാട്ടുകാർ ഉയർത്തിയ ബോർഡ് സാമൂഹ്യവിരുദ്ധർ കീറിനശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് ബോർഡ് നശിപ്പിച്ചത്.ഉടൻ ഉദ്ഘാടനം നടക്കാനിരിക്കുന്ന പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബോർഡ് സ്ഥാപിച്ചത്.ചാത്തംകൈ മേൽപ്പാലം എം.കെ.മുഹമ്മദാലിക്കുള്ള നിത്യസ്മാരകമാണെന്നും പദ്ധതി പരേതനുള്ള നാടിന്റെ സമർപ്പണമാണെന്നും ബോര്‍ഡില്‍ ആലേഖനം ചെയ്തിരുന്നു.
മോട്ടോർബൈക്കിലെത്തിയ ചിലരാണ് ബോർഡ് നശിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.സമീപത്തെ പള്ളിയിലെ സി.സി.ടി.വി.കാമറയിൽ കാണുന്ന ദൃശ്യങ്ങൾ അക്രമികളെ സംബന്ധിച്ച സൂചന നൽകുന്നുണ്ട്.ഇത് പൊലീസിന് കൈമാറിയതായി നാട്ടുകാർ പറഞ്ഞു.സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് അസ്വസ്ഥതകൾ പടർത്താനുള്ള ചിലരുടെ ഗൂഢ നീക്കങ്ങളാണ് ബോർഡ് കീറിയെറിയലിന് പിന്നിലെന്ന് സംശയമുണ്ട്.