കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സ്വന്തം അനുയായികൾ
മുംബയ്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ (40) വെടിയേറ്റ് മരിച്ചു. പൂനെയിലാണ് സംഭവം. സ്വന്തം അനുയായികൾ തന്നെയാണ് മഹോലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരെ പൂനെ – സതർദാര റോഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മൂന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കൊത്രുട് മേഖലയിലാണ് സംഭവം. നാലോളം പേരാണ് മഹോലിന് നേരെ വെടിയുതിർത്തത്. ഒരു വെടിയുണ്ട മഹോലിന്റെ നെഞ്ചിലും രണ്ടെണ്ണം വലത് തോളിലുമാണ് തുളഞ്ഞുകയറിയത്. ഉടന തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ മുഹമ്മദ് ഖതിൽ സിദ്ദിഖിയെ യെർവാഡ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ മഹോൽ പ്രതിയായിരുന്നുവെങ്കിലും പിന്നീട് വെറുതേവിട്ടു. കൊലപാതകം, തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിലും മഹോൽ പ്രതിയാണ്. സംഭവം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ലെന്നും മഹോലിനെ കൊന്നത് സ്വന്തം അനുയായികളാണെന്നും മഹാരാഷ്ടട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പണത്തിന്റെയും ഭൂമിയുടെയും പേരില്‍ സംഘത്തിലുള്ളവര്‍ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന് ഒമ്പത് സംഘങ്ങളെ രൂപീകരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.