കാഞ്ഞങ്ങാട്: എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിയാനാകാതിരുന്നതിനെ തുടര്‍ന്ന് ആസ്പത്രി മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത് രണ്ടുമാസക്കാലം. ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തു. രാജപുരം പൈനിക്കരയിലെ മാത്യു ജേക്കബ്ബിന്റെ (55) മൃതദേഹമാണ് എറണാകുളം ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ അനാഥാവസ്ഥയില്‍ കിടന്നത്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാത്യുജേക്കബ്ബിനെക്കുറിച്ച് 2019 ഡിസംബര്‍ 24ന് ശേഷം വീട്ടുകാര്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. 24ന് വിളിച്ചപ്പോള്‍ രാജപുരം ചര്‍ച്ചിലെ തിരുനാളിന് വരാമെന്ന് മാത്യു വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് മാത്യുവനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഫെബ്രുവരി 10ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് രാജപുരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മാത്യു എന്ന് പേരുള്ള ഒരാളുടെ മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയിലുള്ളതായി വിവരം കിട്ടി. ഇതോടെ രാജപുരം എസ്.ഐ രാജീവനും സിവില്‍ പൊലീസ് ഓഫീസര്‍ ഷിബുവും ബന്ധുക്കളെയും കൂട്ടി എറണാകുളം ആസ്പത്രിയിലെത്തുകയും മൃതദേഹം മാത്യുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡരികില്‍ അബോധാവസ്ഥയിലായിരുന്ന മാത്യുവിനെഎറണാകുളം പൊലീസാണ് ആസ്പത്രിയിലെത്തിച്ചിരുന്നത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പേരുപറഞ്ഞിരുന്നുവെങ്കിലും നാടും മറ്റ് വിലാസവും വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ അജ്ഞാത മൃതദേഹമെന്ന നിലയില്‍ രണ്ടുമാസക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഭാര്യ: പരേതയായ കുന്നേല്‍ സോഫി. മക്കള്‍; ജോയല്‍(വിദ്യാര്‍ഥി ന്യൂസിലാന്റ്), ജോയ്സ്, സ്നേഹ(ഇരുവരും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍).