വോട്ട് ഇടത്തോട്ട് ചായുമെന്ന് ആശങ്ക; സമസ്തയെച്ചൊല്ലിയുള്ള തർക്കത്തിൽ ആധി ലീഗിന്
കോഴിക്കോട്: പെരിന്തൽമണ്ണ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സമ്മേളനത്തിൽനിന്ന് സമസ്ത യുവനേതാക്കളെ തഴഞ്ഞതിനു പിന്നാലെയുണ്ടായ സമസ്ത-മുസ്ലിംലീഗ് തർക്കം ക്ഷീണമാകുമോയെന്ന ആധിയിൽ ലീഗ്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സ്ഥാപനത്തിൽനിന്ന് നേതാക്കളെ മാറ്റിനിർത്തിയത് ലീഗ് ഇടപെട്ടാണെന്നാണ് ഒരുവിഭാഗം സമസ്ത പ്രവർത്തകരുടെ വാദം. സമസ്ത നേരിട്ടുനടത്തുന്ന വിദ്യാഭ്യാസസ്ഥാപനമായ പട്ടിക്കാട് ജാമിഅയിലെ സമ്മേളനത്തിൽനിന്ന്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ തുടങ്ങിയ നേതാക്കളെയാണ് മാറ്റിനിർത്തിയത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി ജാമിഅ സമ്മേളനത്തിലേക്ക് ഹമീദ് ഫൈസി ഉൾപ്പെടെ നേതാക്കൾ എത്തിയത് മഞ്ഞുരുക്കത്തിന് കാരണമായേക്കും. നേതാക്കളെ മാറ്റിനിർത്തിയതിനെച്ചൊല്ലി സമസ്തയിലെ ഒരുവിഭാഗം മുസ്ലിം ലീഗിനെ അനുകൂലിച്ചും മറ്റൊരു വിഭാഗം വിമർശിച്ചും രംഗത്തെത്തിയതോടെ ഭിന്നത പരസ്യമായിരുന്നു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന പ്രസ്താവനയുമായി ഒരുവിഭാഗം പ്രവർത്തകർ പ്രചാരണം ആരംഭിച്ചതാണ് മുസ്ലിം ലീഗിനെ വെട്ടിലാക്കിയത്. നേരത്തേ, സി.ഐ.സി.യുമായി (കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നും ലീഗ്-സമസ്ത പോര് ഉണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഇടപെട്ടതോടെ തർക്കങ്ങൾ അയഞ്ഞു. ചെമ്മാട് ദാറുൽഹുദാ സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗമായ ബുക്ക് പ്ലസ് നടത്തിയ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് മുസ്ലിംലീഗ് നേതാക്കൾ നേതൃത്വംനൽകിയതും സമസ്തയിലെ ലീഗ് വിരുദ്ധരെ ചൊടിപ്പിച്ചു.
സമസ്ത നേതൃത്വം സി.പി.എമ്മിനോട് പല വിഷയങ്ങളിലും സഹകരിക്കുന്നത് ലീഗിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതും ഭിന്നത കനക്കാൻ കാരണമായി.
ഇതിനിടെ, കോഴിക്കോട് മുക്കത്ത് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്ത പരിപാടിയിൽ പാണക്കാട് തങ്ങൾമാരെ ക്ഷണിക്കാത്തതിനെത്തുടർന്ന് ചടങ്ങിന് പള്ളിക്കമ്മിറ്റി വിലക്കേർപ്പെടുത്തി. എസ്.കെ.എസ്.എസ്.എഫ്. മുരിങ്ങംപുറായി യൂണിറ്റ് കമ്മിറ്റി നിർമിച്ച സഹചാരി സെന്റർ ഉദ്ഘാടന പരിപാടിക്കായിരുന്നു വിലക്കേർപ്പെടുത്തിയത്. തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് നേതാവാണ് മഹല്ല് സെക്രട്ടറി.