പീഡനത്തിന് ഇരയായ യുവതി ഗർഭിണിയായി;മൂന്നുപേർക്കെതിരെ ബലാൽസംഗത്തിനു കേസ്
കാസർകോട്: മൂന്നുപേരുടെ ലൈംഗിക അതിക്രമത്തിനു ഇരയായ യുവതി ഒൻപതു മാസം ഗർഭിണി. സംഭവത്തിൽ മൂന്നുപേർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുരുഷു, ബദ്റുദ്ദീൻ, രാഘവൻ എന്നിവർക്കെതിരെയാണ് കേസ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതയാണെങ്കിലും വീട്ടിൽ തനിച്ച് താമസിക്കുന്ന മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 30 കാരിയാണ് പരാതിക്കാരി. ഒൻപതു മാസം ഗർഭിണിയായിട്ടും ആരും അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ കുടുംബശ്രീ പ്രവർത്തകരുടെ ശ്രദ്ധയിൽ യുവതി ഗർഭിണിയാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂന്നുപേരാണ് തന്റെ ഗർഭത്തിനു ഉത്തരവാദിയെന്നാണ് യുവതി മൊഴി നൽകിയത്. ആരിൽ നിന്നാണ് ഗർഭം ധരിച്ചതെന്നു അറിയില്ലെന്നും യുവതി മൊഴി നൽകി. പ്രതികളെ കണ്ടെത്തണമെങ്കിൽ വിശദമായ മൊഴിയെടുക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.