4 മസാല ദേശയ്ക്ക് 360 രൂപ!അമിതവിലയ്ക്ക് കാരണം ചമ്മന്തി;നടപടിയുമായി ജില്ലാ കളക്ടർ
സന്നിധാനത്തെ ഹോട്ടലുകളിലും തട്ടുകടകളിലും തീർത്ഥാടകരോട് അമിത വില
ഈടാക്കുന്നതായി ജില്ലാ കളക്ടർ എ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ
പരിശോധനയിൽ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലിൽ നാല് മസാല ദോശ വാങ്ങിയ
തീർത്ഥാടകരോട് 360 രൂപ വാങ്ങിയതായും കണ്ടെത്തി. യഥാർത്ഥത്തിൽ 228 രൂപ മാത്രമെ
വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടർ തിരക്കിയപ്പോൾ മസാല
ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നൽകി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും
നോട്ടീസ് നൽകാനും കളക്ടർ നിർദ്ദേശം നൽകി. ഇതിന് പിന്നാലെ മറ്റ് ഹോട്ടലുകളിൽ
എത്തിയപ്പോൾ തീർത്ഥാടകരിൽ നിന്ന് ബില്ലുകൾ വാങ്ങി പരിശോധിച്ചു. അവിടെയും കൂടിയ
വില ഈടാക്കിയതായി കണ്ടെത്തി. നെയ് റോസ്റ്റിന് 49 രൂപയാണ് വില എടുക്കേണ്ടത്. എന്നാൽ 75
രൂപ വാങ്ങി. ഗ്രീൻ പീസ് കറിക്ക് 48 രൂപയാണ്. എന്നാൽ 60 രൂപയാണ് വാങ്ങിയത്. പാലപ്പത്തിന് 14
രൂപയാണെങ്കിലും 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപയാണ് ഈടാക്കിയത്.
തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കളക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന
നടത്തിയത്. കടകളിൽ ശുചിത്വം ഇല്ലാത്തതും ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിതരണം
ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് 3 കടകൾക്ക് നോട്ടീസ് നൽകി.
പാണ്ടിത്താവളത്തിൽ തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കളക്ടർ വിലയിരുത്തി.
ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കളക്ടർക്ക് ഒപ്പം
പങ്കെടുത്തു.