കൊച്ചി: ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവരെ ലക്ഷ്യമിട്ട് കൈവശമുള്ള പണം കവരാനുള്ള പുതിയ കെണിയുമായി തമിഴ്നാട് തിരുച്ചിറപ്പള്ളി രാംജി നഗര്‍ എന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവര്‍ എത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ പൊലീസ്.
രണ്ടാഴ്ച മുന്‍പ് എം.ജി റോഡില്‍ ഒരു ബാങ്കില്‍ പണം അടയ്ക്കാന്‍ വന്നയാളുടെ 2.72 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കവര്‍ച്ച ചെയ്തത്. നിര്‍ത്തിയിടുന്ന കാറിന്റെ ഡ്രൈവറുടെ ഭാഗത്ത് 10, 20, 50, 100 രൂപയുടെ കറന്‍സി നോട്ടുകള്‍ വിതറും. ഡ്രൈവര്‍ സീറ്റിലുള്ളവരെ ഗ്ലാസില്‍ തട്ടി വിളിക്കും. റോഡില്‍ കിടക്കുന്ന പണം നിങ്ങളുടേതാണോയെന്ന് ചോദിക്കും. സ്വാഭാവികമായും കാറില്‍ നിന്ന് ആള് ഇറങ്ങി കറന്‍സി നോട്ടുകള്‍ പെറുക്കിയെടുക്കും. ഈ സമയം നോക്കി സംഘത്തിലെ മറ്റൊരാള്‍ കാറില്‍ നിന്ന് ബാഗ് കവര്‍ന്നു കടന്നു കളയും.
അതിനാല്‍ തന്നെ, റോഡില്‍ കുറച്ച് കറന്‍സി നോട്ടുകള്‍ വെറുതെ കിടക്കുന്നത് കണ്ട് വാരിയെടുക്കാന്‍ കാറില്‍ നിന്ന് ഇറങ്ങുന്നവര്‍ ശ്രദ്ധയ്ക്കുക. അതൊരു കെണിയാണ്. കൊച്ചിയില്‍ നേരത്തെയും ഇതേ പോലെയുള്ള കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മറൈന്‍ഡ്രൈവ് മേനകയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് ബാഗ് നഷ്ടപ്പെട്ടെങ്കിലും അതില്‍ പണമുണ്ടായിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ രണ്ടര വര്‍ഷം മുന്‍പും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കേസില്‍ സെന്‍ട്രല്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയില്‍ പല ഭാഗത്തും തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവര്‍ സമാനമായ കവര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചനകളുണ്ടെങ്കിലും തിരുട്ടു ഗ്രാമത്തില്‍ നിന്ന് ഇവരെ പിടികൂടുക എളുപ്പമല്ല. എങ്കിലും പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണത്തിലാണ് പൊലീസ്.