വധശ്രമവും ലഹരിക്കടത്തുമടക്കം നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍
മഞ്ചേശ്വരം: ലഹരിക്കടത്തും വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊര്‍ത്തണ സ്വദേശിയെ എം.ഡി.എം.എ. മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ അസ്ക്കര്‍ (30) ആണ് അറസ്റ്റിലായത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും ഇന്നലെ രാത്രി മൊര്‍ത്തണയില്‍ വെച്ചാണ് അസ്ക്കറിനെ പിടിച്ചത്. മയക്കുമരുന്നു കടത്ത്, തോക്ക് കൈവശം വെക്കല്‍, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അസ്ക്കറിനെ ഒരു വര്‍ഷം മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങുകയായിരുന്നു. അതിനിടെയാണ് എം.ഡി.എം.എയുമായി പിടിയിലാവുന്നത്.