ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു; പ്രതി കസ്റ്റഡിയില്‍
തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ എന്നയാളുടെ ഒന്നര വയസുള്ള ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. കൊണ്ണിയൂർ സൈമൺ റോഡിൽ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.
കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. വിവരത്തെ തുടർന്ന് കാട്ടാക്കട അഗ്നനിരക്ഷാസേന സ്ഥലത്തെത്തി കിണറ്റിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്തു. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടർന്ന് ശ്രീകണ്ഠൻ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.