പതിനാലുകാരിയുടേയും സ്കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ; സ്കൂൾ അധികൃതർക്കെതിരെ കേസ്
ബെംഗളൂരുവിൽ 14-കാരിയായ വിദ്യാർഥിനിയുടേയും സ്കൂൾ ബസ് ഡ്രൈവറുടെയും മൃതദേഹം
റെയിൽവേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തിൽ സ്കൂൾ
മാനേജ്മെന്റിനെതിരേ കേസെടുത്തു. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ്
നടപടി. ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുരയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു
വിദ്യാർഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയിൽവേ പാളത്തിന് സമീപത്ത് നിന്നും
കണ്ടെത്തിയത്. ഗിരിയ പുരയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
ബസ് ഡ്രൈവർ തന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ച് നേരത്തെ മാതാപിതാക്കളോട്
പെൺകുട്ടി പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ മകളെ ഡ്രൈവർ പീഡിപ്പിക്കുന്നതായി
കാട്ടി പിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവർ
കുറച്ചുകാലമായി മകളെ ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ്
ഒക്ടോബറിൽ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. എന്നാൽ ഡ്രൈവർക്കെതിരെ
സ്കൂൾ മാനേജ്മെന്റ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മാനേജ്മെന്റ്
പൊലീസിനെയോ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെയോ അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം മല്ലഗൗഡ ജില്ലാ ആശുപത്രിയിൽ നടത്തിയ ശേഷം
മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.
ഇരുവരുടെയും ആത്മഹത്യയാണെന്ന് സംശയിക്കുനതായി പൊലീസ് പറഞ്ഞു.