ന്യൂഡൽഹി:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്.സിയും വിഷയമായേക്കും. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് സൂചന നല്കി.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. സി.എ.എ, എന്‍.ആര്.സി തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു മതസ്വാതന്ത്ര്യത്തെക്കുറിച്ച് തീര്‍ച്ചയായും ചര്‍ച്ചയുണ്ടാകുമെന്ന് ഉദ്യേഗസ്ഥന് അറിയിച്ചത്.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തോടും അതിന്റെ ഭരണഘടനാ സ്ഥാപനങ്ങളോടും വലിയ ബഹുമാനമുണ്ടെന്നും ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഇക്കാര്യം ഉന്നയിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഉയര്‍ത്തിക്കാണിക്കുന്ന കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.