പതിനെട്ടാം വയസിൽ മോസ്റ്റ് വാണ്ടഡ് ഗ്യാംഗ്സ്റ്ററെ കുടുക്കി; കാമുകനെ കൊല്ലാൻ പൊലീസിന് സഹായം, ആരാണ് ദിവ്യ പഹൂജയെന്ന മോഡൽ
ന്യൂഡൽഹി: നാടിനെ വിറപ്പിച്ച ഒരു വമ്പൻ ഗ്യാംഗ്സ്റ്ററിന്റെ മുൻ കാമുകിയും മോഡലുമായ 27കാരി ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാമുകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് വർഷം ജയിലിൽ കഴിഞ്ഞ ദിവ്യ പഹൂജ ജാമ്യത്തിൽ പുറത്തിറങ്ങി മാസങ്ങൾക്കുശേഷമാണ് മരണം. ഗുരുഗ്രാമിലെ സിറ്റി പോയിന്റ് ഹോട്ടൽ മുറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യ കൊല്ലപ്പെട്ടത്.
2016ൽ വെറും 18 വയസിലാണ് ദിവ്യ അധോലോകവുമായി ബന്ധം ആരംഭിക്കുന്നത്. ഗുരുഗ്രാമിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാനേതാവായിരുന്ന സന്ദീപ് ഗഡോളിയുടെ കാമുകിയെന്ന നിലയിൽ ദിവ്യ ക്രിമിനലുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. 2016 ഫെബ്രുവരി ഏഴിന് മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് സന്ദീപ് ഗഡോളി കൊല്ലപ്പെടുമ്പോൾ ദിവ്യയും ഒപ്പമുണ്ടായിരുന്നു.
സന്ദീപ് കൊലക്കേസിൽ അറസ്റ്റിലായ ദിവ്യ ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം 2023 ജൂണിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ദിവ്യയുടെ കൊലപാതകം നടന്ന ഹോട്ടലിന്റെ ഉടമയായ അഭിജിത് സിംഗാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
അഭിജിത്തും ദിവ്യയും മറ്റൊരാളും ജനുവരി രണ്ടിന് ഹോട്ടൽ റിസപ്ഷനിൽ എത്തി 111-ാം നമ്പർ മുറിയിലേക്ക് പോയിരുന്നു. പിന്നാലെയാണ് ദിവ്യ കൊല്ലപ്പെടുന്നത്. മൃതദേഹം അഭിജിത് സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബി.എം.ഡബ്ല്യു കാറിൽ കയറ്റിക്കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. അഭിജിത്തും മറ്റുള്ളവരും ചേർന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതടക്കമുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ദിവ്യയുടെ പക്കൽ തന്റെ അശ്ളീല ചിത്രങ്ങൾ ഉണ്ടായിരുന്നെന്നും ഇത് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ദിവ്യ ചെവികൊണ്ടില്ലെന്നും അഭിജിത് പൊലീസിന് മൊഴി നൽകി. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ദിവ്യയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ. ദിവ്യയുടെ മൃതദേഹം കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.