അടിവസ്ത്രത്തിലടക്കം കടത്തുന്നത് പിടിവീഴുന്നതോടെ ഒരു കിലോ സ്വർണം കടത്താൻ ഫിറോസ് കണ്ടത് വേറൊരു വഴി; എന്നിട്ടും അറസ്റ്റിൽ
കരിപ്പൂർ : സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയ ഒരു കിലോ സ്വർണം കാലിക്കറ്റ് എയർപോർട്ടിന് പുറത്തു വച്ച് പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ഇൻഡിഗോ ഫ്ളൈറ്റിൽ കാലിക്കറ്റ് എയർപോർട്ടിലെത്തിയ കരുവാരകുണ്ട് സ്വദേശി ഫിറോസിൽ (47) നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്.
ജ്യൂസർ മെഷീനിന്റെ മോട്ടോറിനകത്ത് ആർമേച്ചറിൽ രഹസ്യ അറയുണ്ടാക്കി സ്വർണം ഉരുക്കിയൊഴിച്ച് ഇരുമ്പിന്റെ ഷീറ്റ് വച്ചടച്ച് വെൽഡ് ചെയ്ത രൂപത്തിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. 999.6 ഗ്രാം തുക്കമുണ്ട്. വിപണിവില പ്രകാരം 63.87 ലക്ഷം രൂപ വില മതിക്കും. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.