പൊലീസിന്റെ ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റിട്ട് പൊലീസുകാരൻ
തിരുവനന്തപുരം: പൊലീസിന്റെ ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റ്. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറാണ് കിരൺദേവ്. പൊലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്.
നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്. മന്ത്രി ഗണേഷ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഇയാൾ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിനുതൊട്ടു പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു. എന്നാൽ ഇയാള് അത് കേട്ടില്ല. പല പൊലീസുകാരും വാമൊഴിയായി പരാതിയും നൽകിയിരുന്നു. എന്നാൽ ഇയാൾ പോസ്റ്റ് റിമൂവ് ചെയ്യാൻ തയ്യാറായില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ നിയമനടപടിക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് രാഹുൽ.