അമേരിക്കയിലെ അതിസമ്പന്നരായ ഇന്ത്യൻ ദമ്പതികളുടെയും മകളുടെയും മരണം
ന്യൂയോർക്ക്: അമേരിക്കയിലെ സമ്പന്നരായ ഇന്ത്യൻ ദമ്പതികളെയും അവരുടെ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18കാരിയായ മകൾ അരിയാന എന്നിവരാണ് മരിച്ചത്. യുഎസ് മസാച്യുസെറ്റ്സിലെ അഞ്ച് മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര വസതിയിൽ ഡിസംബർ 28നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെയും ഭാര്യയെയും കൊലപ്പെടുത്തിയതിനുശേഷം രാകേഷ് കമാൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രാകേഷിന്റെ സമീപത്തുനിന്നായി പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു.
ഭാര്യയെയും മകളെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് നോർഫോക് ഡിസ്ട്രിക്ട് അറ്റോർണി മൊറിസെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ചീഫ് മെഡിക്കൽ ഓഫീസർ കൈമാറിയ ഓട്ടോപ്സി റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
രാകേഷിന്റെ സമീപത്തുനിന്നായി കണ്ടെടുത്ത തോക്കിന്റെ പരിശോധന നടന്നുവരികയാണ്. തോക്കിന്റെ ലൈസൻസ് രാകേഷിന്റെ പേരിലല്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. വീട്ടിൽ പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ചുകയറിയതിന്റെ തെളിവുകളില്ലെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വസതിയിൽ ഇവരെ അന്വേഷിച്ചെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധികളാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് വിവരം.
ബോസ്റ്റൺ യൂണിവേഴ്സിറ്റി, എം.ഐ.ടി സോളൻ സ്കൂൾ ഒഫ് മാനേജ്മെന്റ്, സ്റ്റാൻഫഡ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ രാകേഷ് വിദ്യാഭ്യാസ കൺസൾട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2016ൽ ഭാര്യ ടീനയ്ക്കൊപ്പം എഡ് – ടെക് കമ്പനിയായ എഡ്യുനോവ സ്ഥാപിച്ചു. മിഡിൽ സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള പഠന നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
സ്ഥാപനം പെട്ടെന്ന് വളർന്നു. 2019ൽ 34 കോടി രൂപയ്ക്ക് 11 ബെഡ്റൂമുകളോട് കൂടിയ 19,000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര വസതി ഇവർ സ്വന്തമാക്കി. 2021ൽ കമ്പനി പൂട്ടിയതോടെ കുടുംബം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ആഡംബര വസതി ഒരു വർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടു. മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്സ് എന്ന കമ്പനിക്ക് വസതിയുൾപ്പെടെ 25 കോടിക്ക് വിറ്റു.
41 കോടി രൂപയായിരുന്നു വില്പന സമയം വസതിയുടെ മൂല്യം. ഹാർവഡ്, ഡൽഹി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ടീന 2022 സെപ്തംബറിൽ പാപ്പർ ഹർജി ഫയൽ ചെയ്തെങ്കിലും തള്ളിയിരുന്നു. വെർമോണ്ടിലെ മിഡിൽബറി കോളേജിൽ ന്യൂറോസയൻസ് വിദ്യാർത്ഥിയായിരുന്നു അരിയാന.