കരിപ്പൂരിൽ സ്വർണ്ണം പിടികൂടി;കടത്തിയത് എമർജൻസി ലാംപിലും മലദ്വാരത്തിലും;2 പേർ പിടിയിൽ
കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. രണ്ട് പേരെ എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 376 വിമാനത്തിൽ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കൽ (25) എന്ന യാത്രക്കാരനെ സംശയം തോന്നി പിടികൂടുകയും ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 901 ഗ്രാം തൂക്കമുള്ള 3 സ്വർണ ക്യാപ്സ്യൂകളുകൾ കണ്ടെടുക്കുകയും ചെയ്തു. പിടികൂടിയ സ്വർണ്ണം വേർതിരിച്ചപ്പോൾ 838 ഗ്രാം ഉണ്ടായിരുന്നതായും 52 ലക്ഷം മതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. രണ്ടാമത്തെ കേസിൽ ചെക്ക്ഡ് ഇൻ ബാഗിൽ സൂക്ഷിച്ചിരിക്കുന്ന എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണ ഷീറ്റുകൾ പിടികൂടി.ഷാർജയിൽ നിന്ന് എയർ അറേബ്യ എത്തിയഅമരമ്പലം സ്വദേശി സഫ്വാൻ ചക്കത്ത് (30) എന്നയാളുടെ ചെക്ക്-ഇൻ ബാഗേജിന്റെ എക്സ്റേ സ്ക്രീനിംഗിൽ, എമർജൻസി ലാമ്പിനുള്ളിൽ സംശയാസ്പദമായ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീപാസ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിൽ 449 ഗ്രാം തൂക്കമുള്ള 4 സ്വർണ ഷീറ്റുകൾ കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് 28 ലക്ഷം വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.