കസ്റ്റമേഴ്സിനെ പിടിച്ചുനിർത്താൻ പുതിയവഴി, സപ്ളൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം: പുതുതായി മാവേലി സ്റ്റോറുകൾ തുടങ്ങുന്നതിനു പകരം അഞ്ഞൂറോളം സൂപ്പർ മാർക്കറ്റുകൾ തുറക്കും. പൊതുവിപണിയെ നേരിടാനാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ആനുപാതികമായി മാവേലി സ്റ്റോറുകൾ കുറയ്ക്കും. നിലവിൽ സപ്ളൈകോയുടെ കീഴിൽ 581 സൂപ്പർ മാർക്കറ്റുകളുണ്ട്. ഇതോടെ സൂപ്പർ മാർക്കറ്റുകൾ ആയിരമാവും.
സബ്സിഡി സാധനങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും പുറമെ ഇലക്ട്രോണിക് സാധനങ്ങളും സൂപ്പർ മാർക്കറ്റുകളിലെത്തിക്കും. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ശീലം ജനങ്ങളിൽ വ്യാപകമായതോടെയാണ് ഭക്ഷ്യ വകുപ്പും ആ വഴിക്ക് നീങ്ങുന്നത്. ഭാവിയിൽ ഒരു പഞ്ചായത്തിൽ രണ്ട് സൂപ്പർ മാർക്കറ്റ് എന്നതാണ് ലക്ഷ്യം.
സൂപ്പർ മാർക്കറ്റ് സജ്ജമാക്കാൻ കഴിയുന്ന കെട്ടിടം ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകളുടെ സഹായം തേടും. സ്വകാര്യ സൂപ്പർ മാർക്കറ്റുകളുടെ മാതൃകയിൽ പർച്ചേസിംഗ് കാർഡുകൾ പുറത്തിറക്കും.
വിതരണക്കാർക്ക് നൽകാനുളള പണം കൊടുത്തുതീർക്കുകയാണ് സപ്ലൈകോയുടെ പ്രധാന വെല്ലുവിളി. വിപണി ഇടപെടലിന് സർക്കാരിൽ നിന്ന് കിട്ടാനുള്ള 1525 കോടി രൂപയിൽ പകുതി നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാം. 750 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. അതിൽ പകുതി കൊടുത്താൽ അവർ വീണ്ടും സാധനങ്ങൾ എത്തിക്കും. സൂപ്പർ മാർക്കറ്റുകളിലൂടെ അധിക വരുമാനം ലഭിച്ചാൽ സർക്കാർ സഹായമില്ലാതെ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാനുമാകും. വിപണി വിലയുടെ 25% മുതൽ 30% വരെ വിലക്കുറവിൽ സബ്സിഡി സാധനങ്ങൾ വിൽക്കാനാണ് ധാരണ.