ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.നെടുമങ്ങാട് പാലോടാണ് സംഭവം നടന്നത്. തെന്നൂർ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഉഷ ആണ് ആക്രമിക്കപ്പെട്ടത്.
ഭാര്യയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതുമുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയുമായി രാധാകൃഷ്ണൻ കുറച്ചുകാലമായി പിണക്കത്തിൽ ആയിരുന്നു.
ഉഷ സൂര്യകാന്തിയിലുള്ള കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനായി പ്രതി ആസിഡും കത്തിയുമായി കാത്തിരിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് സി ഐ പി ഷാജിമോൻ, എസ് ഐമാരായ എ നിസാറുദ്ദീൻ. റഹീം, രാജൻ, ജി എസ് സിപിഒ സജുകുമാർ, അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാനെത്തിയ ഉഷയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചതിനു ശേഷം മുതുകത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാധാകൃഷ്ണനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.