പെരിയ:കല്യോട്ടെ കുപ്രസിദ്ധമായ ഇരട്ടക്കൊലക്ക് ഒരാണ്ട് പിന്നിട്ടിട്ടും പ്രദേശത്ത് അക്രമപരമ്പരകളും ഗുണ്ടാവിളയാട്ടവും അകലുന്നില്ല.ഒരു ഇടവേളക്കുശേഷം ഇന്നലെ രാത്രിയോടെ പെരിയയിലും കല്ല്യോട്ടും വീണ്ടും കോൺഗ്രസ്സ്,സി.പി.എം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചു. സി പി എം പെരിയ ലോക്കല്‍ സെക്രട്ടറിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട ബാലകൃഷ്ണൻ കല്ല്യോട്ട് പാർട്ടി യോഗത്തിനെത്തിയപ്പോഴാണ് കോൺഗ്രസ്സ് സംഘം ആദ്യം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കല്യോട്ട് നടന്ന സി പി എം ബ്രാഞ്ച് യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ ബൈക്കുകളില്‍ പിന്തുടര്ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ലോക്കൽ സെക്രെട്ടറിയുടെ പരാതി. പോലീസ് സുരക്ഷയോടെയാണ് കല്ല്യോട്ട് സി പി എം ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നത്. ഇതിനു പിന്നാലെ പെരിയയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള രണ്ട് ബസ് വെയ്റ്റിംഗ് ഷെഡുകള്‍ തകര്‍ക്കപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം സി പി എം നേതാവ് എ ശേഖരന് നായര്‍ സ്മാരക സ്തൂപം ഒരു സംഘം അടിച്ചു തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്തൂപം തകര്‍ത്തതെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു. പുല്ലൂര്‍- പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായരുടെ വീടിന് നേരെയും ആക്രമണം നടന്നു.സംഭവത്തെ തുടർന്ന് പെരിയയിലും പരിസരങ്ങളിലും കനത്ത പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.പാർട്ടി നേതൃത്വത്തെ പരസ്യമായി അപലപിച്ച ലല്ല്യോട്ടെ ഇരട്ട കൊലക്ക് ശേഷം കോൺഗ്രസ്സ് സി.പി.എം പ്രവർത്തനം നിരന്തരംതടയുകയാണെണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ പറഞ്ഞു.
അതേസമയം പെരിയയിൽ അക്രമം അഴിച്ചുവിടുന്നത് സി.പി.എം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു.