കാസർകോട്: ഫോട്ടോയുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റു. പരിക്കേറ്റ നെക്രാജെ, പൈക്ക സ്വദേശി ചാമുണ്ഡിമൂല ഹൗസിലെ എം.ബാലകൃഷ്ണ (38) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി നെക്രാജെ, അർളടുക്കയിലെ രജ്ഞിത്തിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്യു. കോടതി ഇയാളെ റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ബാലടുക്ക ഓട്ടോ സ്റ്റാന്റിനു സമീപത്താണ് സംഭവം കുത്തേറ്റ യുവാവും പ്രതിയുടെ ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ, മൊബൈലിലേയ്ക്ക് ആരോ അയച്ചു കൊടുത്തതാണ് അക്രമത്തിനു കാരണമെന്ന് കേസിൽ പറയുന്നു. ഓട്ടോ സ്റ്റാന്റിനു സമീപത്ത് കണ്ട ബാലകൃഷ്ണനെ കഴുത്തിനു പിടിച്ചു തടഞ്ഞു നിർത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇതിനിടയിൽ ബാലകൃഷ്ണൻ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ രജ്ഞിത്ത് തന്റെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു ചുമലിൽ കുത്തുകയായിരുന്നു. നിലത്തുവീണ ബാലകൃഷ്ണന്റെ നെഞ്ചിൽ കുത്താൻ ശ്രമിച്ചുവെങ്കിലും തടയുന്നതിനിടയിൽ കത്തി വയറിൽ കൊണ്ടു മാരകമായി മുറിവേൽക്കുകയും ചെയ്തതായി ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്യ കേസിൽ പറയുന്നു. അതേ സമയം കുത്തേറ്റ ബാലകൃഷ്ണൻ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.