കാസർകോട് : സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ തിങ്കളാഴ്ച രാവിലെവരെ അടച്ചിടും. ഞായറാഴ്ച രാത്രി (31-12-2023) എട്ടുമണി മുതൽ ജനുവരി ഒന്ന് തിങ്കളാഴ്ച പുലർച്ചവരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത്. പമ്പുകൾക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പമ്പുകൾക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് മുതൽ രാത്രി പത്തുമണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ എന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമത്തിന് സമാനമായ രീതിയിൽ നിയമനിർമാണം വേണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികളുടെ ആവശ്യം.
പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും രൂക്ഷമാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് നിർദേശം. ഇങ്ങനെ ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം. എന്നാൽ രാത്രിയിൽ കുപ്പികളുമായി എത്തുന്നവർ ഇന്ധനം ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘന ആരോപിച്ചു.