പോലീസ് സംരക്ഷണം ലഭിക്കാന്‍ വേണ്ടി സ്വന്തം വീടിനുനേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേര് അറസ്റ്റില്‍. തമിഴ്നാട് കള്ളക്കുറിച്ചി പോലീസാണ് പ്രതികളെ പിടികൂടിയത്. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന് ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന് എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ 23നാണ് ഉളുന്തൂര്‍പെട്ട് കേശവന് നഗറിലെ സെന്തിലിന്റെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. ഇതിനുപിന്നാലെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെരി സെന്തില്‍ പോലീസ് സംരക്ഷണം തേടിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് ആക്രമണത്തിന് പിന്നില്‍ സെന്തിലാണെന്ന് കണ്ടെത്തുകയായിരുന്നു.
സെന്തിലും മകന് ചന്ദ്രുവും സെന്തിലിന്റെ സഹോദരന് രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതി തയാറാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. രാജീവ് ഗാന്ധി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.