എംഡിഎംഎ വിൽപ്പന; പൊലീസിനു വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു.
കാസർകോട്: എംഡിഎംഎ കടത്തുകേസിലെ വാറന്റ് പ്രതിയെ കർണ്ണാടക പൊലീസ് അറസ്റ്റു
ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആൾക്കാർ
ആക്രമിച്ചു. തലക്ക് മുറിവേറ്റ നിലയിൽ ഉപ്പളഗൈറ്റ്, ഷാഫി നഗറിലെ ബഷീർ അബ്ബാസി(35) നെ
ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിനു മുന്നിൽ
നിൽക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ചടങ്ങിൽ പോകാനായി ഒരുങ്ങി
നിൽക്കുകയായിരുന്നു ബഷീർ അബ്ബാസ്. ഇതിനിടയിൽ കാറിലും ബൈക്കുകളിലുമായി എത്തിയ
ഇരുപത്തിയഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി
അക്രമിക്കുകയായിരുന്നുവെന്നു ബഷീർ അബ്ബാസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ്
മയക്കുമരുന്നു കേസിൽ വാറന്റ് പ്രതിയായ ഒരാളെ അടുത്തിടെ കർണ്ണാടക പൊലീസ് അറസ്റ്റു
ചെയ്തു കൊണ്ടുപോയിരുന്നു. ഇതിനു പിന്നിൽ ബഷീർ അബ്ബാസ് വിവരം നൽകിയതിനാൽ
ആണെന്നു ആരോപിച്ചാണ് ആക്രമമെന്നു പറയുന്നു. അടുത്തിടെ മറ്റൊരാളെയും
മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതിന്റെ സാക്ഷി ഒപ്പിട്ടു കൊടുത്തത് ബഷീർ അബ്ബാസ്
ആണെന്നു പറയുന്നു. ഇതും അക്രമത്തിനു ഇടയാക്കിയതായി സംശയിക്കുന്നുണ്ട്.