കുട്ടികളുടെ സുരക്ഷിതത്വം നോക്കാതെ അപകടകരമായ ഡ്രൈവിങ്ങ്;സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്കെതിരെ ജനരോഷം രൂക്ഷമാകുന്നു; സംഭവം ഗോവയിൽ
അപകടകരമായ ഡ്രൈവിങ്ങിൻ്റെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്. ഗോവയിലാണ് സംഭവം. ഗോവയിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതും മനോഹരവുമായ പാർര കോക്കനട്ട് ട്രീ റോഡിലൂടെ മഹീന്ദ്ര എക്സ്യുവി കാർ സഞ്ചരിക്കുന്നതും രണ്ട് ചെറിയ കുട്ടികൾ അതിന് മുകളിൽ കിടക്കുന്നതും ഈ വീഡിയോയിൽ കാണാം. ഇത് കണ്ട് ഭയന്ന ഒരു നാട്ടുകാരൻ, ഓടുന്ന വാഹനത്തിന്റെ മേൽക്കൂരയിൽ കുട്ടികളെ ഉറങ്ങാൻ അനുവദിച്ചതിന്റെ അപകടത്തെക്കുറിച്ച് ഡ്രൈവറോട് സംസാരിക്കുന്നതും വീഡിയോയിൽ ഉണ്ട്. താൻ ഒരു ടേൺ എടുക്കാനോ റിവേഴ്സ് ചെയ്യാനോ പോകുകയായിരുന്നുവെന്ന് ഡ്രൈവർ മറുപടി നൽകുന്നതിനിടയിൽ പെട്ടന്ന് വീഡിയോ അവസാനിക്കുന്നു.
#Shocking– Tourist let his kids sleep on the roof of SUV on Parra coconut tree road! pic.twitter.com/boeFt2vRdo
— In Goa 24×7 (@InGoa24x7) December 27, 2023
ഈ നിരുത്തരവാദപരമായ പ്രവൃത്തി പലരെയും ക്ഷുഭിതരാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതിന് വിനോദസഞ്ചാരിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. എന്നാൽ വീഡിയോ അപൂർണമായത് കൊണ്ട് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിവായിട്ടില്ല. മാത്രമല്ല,സംഭവവുമായി ബന്ധപ്പെട്ട് ഔപചാരികമായ പരാതികളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല.