പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് ദാരുണാന്ത്യം
പാലക്കാട്:പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർമരിച്ചു. പാലക്കാട് ജില്ലയിലെ മേലാർകാട് പുളിഞ്ചുവടിന് സമീപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ പൊന്നുമണിയും സന്തോഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.