വിരമിക്കാൻ ഇനി നാലുമാസം ബാക്കി; കൈവശം ആറ് ക്രഡിറ്റ് കാർഡുകൾ; വിജിലൻസ് പിടിയിലായ താലൂക്ക് സപ്ലൈ ഓഫീസർ റിമാന്റിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ താലൂക്ക് സപ്ലൈ ഓഫീസറെ ജയിലിലടച്ചു. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ അനിലിനാണ് റിമാന്റിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അനിലിനെ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂർ പെരുവളത്തുപറമ്പ സ്വദേശി നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരനു വീട്ടിൽ സ്വന്തമായി കാറുള്ളതിന്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡാക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നു ലക്ഷം രൂപ സർക്കാരിലേയ്ക്ക് അടക്കണമെന്നും 25,000 രൂപ കൈക്കൂലിയായി നൽകിയാൽ പിഴ ഒഴിവാക്കി തരാമെന്നുമാണ് സപ്ലൈ ഓഫീസർ പരാതിക്കാരനോട് പറഞ്ഞതെന്നു പറയുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം 25-ാം തീയ്യതി ആദ്യ ഘഡുവായി 10,000 രൂപ കൈക്കൂലി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈൻ ഒഴിവാക്കി എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം കാർഡ് പരാതിക്കാരനു ലഭിക്കുകയും ചെയ്തു. പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകണമെന്നും പണം ഇന്നലെ ഉച്ചയ്ക്ക് ശേഷം ഓഫീസിൽ എത്തിക്കണമെന്നും അറിയിച്ചു. ഈ വിവരം പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങോത്തിനെ അറിയിച്ചു. തുടർന്ന് ഒരുക്കിയ കെണിയിലാണ് താലൂക്ക് സപ്ലൈ ഓഫീസർ കുരുങ്ങിയത്. ഓഫീസറുടെ മേശ വലുപ്പിൽ നിന്നു 20,000 രൂപയും പിടികൂടി. ആറ് ക്രഡിറ്റ് കാർഡുകളും കണ്ടെടുത്തു.