നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. പോത്തൻകോട് മഞ്ഞമല കുറവൻവിളാകത്ത് സുരിത- സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് 36 ദിവസം പ്രായമുള്ള ശ്രീദേവ് ആണ് മരിച്ചത്. സംഭവത്തിൽ സുരിതയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കാണാതായത്. പ്രസവത്തിനുശേഷം സുരിത മഞ്ഞമലയിലെ വീട്ടിലായിരുന്നു താമസം. കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഭർത്താവ് സജിയെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് സജി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കിണറ്റിന്റെ കരയിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.