ഷഹന ഏൽക്കേണ്ടിവന്നത് കൊടിയ പീഡനം; തുടയും കൈയും കടിച്ചു മുറിച്ചു: വെളിപ്പെടുത്തലുമായി മാതാവ്
തിരുവനന്തപുരം: തിരുവല്ലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ വണ്ടിത്തടം സ്വദേശി ഷഹന ഷാജി ഭർത്താവ് നൗഫലിന്റെ വീട്ടിൽ നിന്ന് ഏൽക്കേണ്ടിവന്നത് കടുത്ത പീഡനമെന്ന് മാതാവ്. ക്രൂരമായ മാനസിക- ശാരീരിക പീഡനമാണ് ഏൽക്കേണ്ടിവന്നതെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു
‘നിസാര പ്രശ്നങ്ങൾക്കുപോലും ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിന് ഭർതൃപിതാവ് ഒത്താശചെയ്ത് നൽകിയിരുന്നു. അടുത്തിടെയും ക്രൂരമായ ശാരീരിക പീഡനമാണ് ഏൽക്കേണ്ടി വന്നത്. തലയിൽ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ മകൾ എന്നെ വീഡിയോകോൾ ചെയ്തപ്പോൾ ഫോൺ തട്ടിപ്പറിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് നൗഫൽ ഞങ്ങളെ വിളിച്ചു ഉടൻ ആശുപത്രിയിലെത്തണമന്ന് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ക്രൂരമായ പീഡനത്തിനിരയായതുപോലെയായിരുന്നു മകളുടെ അവസ്ഥ. മുഖത്തും ചുണ്ടിലും വലിയ മുറിവുകളുണ്ടായിരുന്നു. കൈയും തുടയും കടിച്ചുമുറിച്ച നിലയിലായിരുന്നു’- ഷഹനയുടെ മാതാവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പരാതിനൽകാൻ തീരുമാനിച്ചപ്പോൾ പുറംലോകം അറിഞ്ഞാൽ താൻ എന്തെങ്കിലും ചെയ്തുകളയുമെന്ന് നൗഫൽ പറഞ്ഞതായും മാതാവ് വെളിപ്പെടുത്തി. കൊവിഡ് സമയത്തായിരുന്നു ഷഹനയുടെയും നൗഫലിന്റെയും വിവാഹം നടന്നത്. സ്ത്രീധനം വേണ്ടെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ തന്നെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയതായും മാതാവ് ആരോപിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർതൃവീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഷഹന സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ ഭർതൃവീട്ടിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് നൗഫൽ ആവശ്യപ്പെട്ടു. എന്നാൽ പോകാൻ ഷഹന തയ്യാറായില്ല. തുടർന്ന് നൗഫൽ വീട്ടിലെത്തി ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ ഷഹന മുറിയിൽ കയറി വാതിലടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷഹനയ്ക്ക് മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് ഷഹനയുടെ വീട്ടുകാർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.