സ്വന്തമായി കാറുള്ളയാൾ ബി പി എൽ കാർഡിന്റെ ആനുകൂല്യങ്ങൾ വാങ്ങുന്നു, മൂന്ന് ലക്ഷം അടക്കണം; പിഴ ഒഴിവാക്കാൻ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥൻ പിടിയിൽ
തളിപ്പറമ്പ്: മൂന്നു ലക്ഷം രൂപ പിഴ ഒഴിവാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ.അനിൽ വിജിലൻസ് പിടിയിലായി. പെരുവളത്ത്പറമ്പ് സ്വദേശിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡി. വൈ.എസ്.പി ബാബു പെരിങ്ങേത്തും സംഘവുമാണ് ഇദ്ദേഹത്തെ കൈയോടെ പിടികൂടിയത്.
വീട്ടിൽ സ്വന്തമായി കാറുള്ള പരാതിക്കാരന് ബി.പി.എൽ കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നു ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും താലൂക്ക് സപ്ളൈ ഓഫീസർ പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊഴിവാക്കാൻ തനിക്ക് 25,000 രൂപ നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് കഴിഞ്ഞ മാസം 25ന് പതിനായിരം രൂപ ആദ്യ ഗഡുവായി കൈപ്പറ്റുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പിഴ ഒഴിവാക്കി എ.പി.എൽ കാർഡ് പരാതിക്കാരന് അനുവദിച്ചു. പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടി നൽകണമെന്നും 26ന് ഉച്ചക്ക് ശേഷം ഓഫീസിൽ എത്തിച്ചാൽ മതിയെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നത്രെ.
ഈ വിവരം പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡി. വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇന്നലെ വൈകിട്ട് തളിപ്പറമ്പ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് പണം കൈമാറവേ സപ്ലൈ ഓഫീസറെ പിടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടറായ സുനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നിജേഷ്, ഗിരീഷ്, ശ്രീജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, ബാബു സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിജിൻ, ഹൈറേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.