‘കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു’; വീട്ടിൽ കഞ്ചാവ് സംഘത്തിൻ്റെ പരാക്രമം
തൃശൂർ: തൃശൂർ എരവിമംഗലത്ത് കഞ്ചാവ് സംഘം വീടാക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. അതേസമയം, അക്രമികളെ നാട്ടുകാർ കണ്ടതായി പറയുന്നു. പിന്നിൽ കഞ്ചാവ് ലഹരിക്കടിപ്പെട്ട കുട്ടികളാണെന്നും ജീവനും വീണ്ടും ആക്രമിക്കുമോ എന്ന് ഭയമുണ്ടെന്നും വീട്ടുടമ ഷാജു പറഞ്ഞു.
കഞ്ചാവ് സംഘം വീട്ടിലെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതായും, പുൽക്കൂടിൽ കുരിശ് സ്ഥാപിച്ചതായും നാട്ടുകാർ പറയുന്നു. ഫിഷ് ടാങ്കിൽ മണ്ണും കല്ലും നിറച്ചു, ടറസിന് മീതെയുള്ള സോളർ പാനൽ അടിച്ചു തകർത്തു, ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചു. ഗ്യാസ് സിലിണ്ടറുകൾ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടത്. വീടാക്രമിക്കുന്ന സമയത്ത് വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഭാര്യ വീട്ടിൽ പോയിരിക്കുകയായിരുന്നു ഷാജുവും കുടുംബവും.
ഇന്ന് രാവിലെ മടങ്ങിയെത്തി നടത്തിയ പരിശോധനയിലാണ് പരാക്രമത്തിന്റെ ചിത്രം കിട്ടിയത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമവും നടത്തിയിട്ടുണ്ട്.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ചില കുട്ടികൾ നടന്നു പോകുന്നത് കണ്ടതായി വിവരം നൽകിയത്. ഷാജുവിന്റെ വീട്ടിന്റെ പിൻ ഭാഗം പാടവും ചതുപ്പുമാണ്. ഇവിടെ ലഹരി സംഘം താവളമാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഷാജു വീട്ടിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതാവാം വീടടിച്ചു തകർക്കാനുള്ള പ്രകോപനമായി സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ചെങ്കിലും അത് പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല.ഒല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ നാട്ടുകാർ കണ്ടിരുന്നു. ഇക്കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്.